പുല്‍വാമയില്‍ ഏറ്റുമുട്ടല്‍: മൂന്ന് ജയ്ഷ് ഇ മുഹമ്മദ് ഭീകരരെ സുരക്ഷാസേന വധിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു.പുല്‍വാമ ജില്ലയിലെ ത്രാലില്‍ നാദിര്‍ ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. ജയ്ഷ് ഇ മുഹമ്മദ് പ്രവര്‍ത്തകരായ, കശ്മീര്‍ സ്വദേശികളായ ആസിഫ് ഷെയ്ഖ്, അമീര്‍ നാസിര്‍ വാനി, യാവാര്‍ അഹമ്മദ് ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ ജയ്ഷ് ഇ മുഹമ്മദ് ഭീകരസംഘടനയുടെ സജീവ പ്രവര്‍ത്തകരാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 48 മണിക്കൂറിനിടെ കശ്മീരില്‍ ഇത് രണ്ടാമത്തെ ഏറ്റുമുട്ടലാണ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം, സിആര്‍പിഎഫ്, ജമ്മു കശ്മീര്‍ പൊലീസ് എന്നിവരുടെ സംയുക്തോപാധിയില്‍ നടത്തിയ തിരച്ചിലിനിടയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഇതിന് മുമ്പ് ചൊവ്വാഴ്ച കശ്മീരിലെ ഷോപ്പിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ലഷ്‌കര്‍ തൊയ്ബ ഭീകരരെ സൈന്യം വധിച്ചിരുന്നു. അന്ന് വലിയ തോതില്‍ ആയുധങ്ങളും പണവും പിടികൂടിയിരുന്നു. അതേത്തുടര്‍ന്ന് കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടാകാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന ശക്തമായ തിരച്ചില്‍ തുടരുന്നത്.